അരീക്കോട് : കാട്ടരുവികള്‍ വറ്റിവരണ്ടതോടെ ഊര്ങ്ങാട്ടിരിഓടക്കയം ആദിവാസി കോളനിവാസികളുടെ ജീവിതവും ഉണങ്ങുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇവിടെ കുടിവെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണ്. പദ്ധതികള്‍ പാളിയതോടെ നൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം കിട്ടാക്കനിയായി.
നെല്ലിയായി, കുരീരി, വാരിക്കല്‍, ഈന്തുംപാലി, ഓടക്കയം, കരിമ്പ്, ചീങ്കണ്ണി, ആലപ്പാറ എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ദാഹജ ലത്തിനായി മലകയറിയിറങ്ങുകയാണ്.
വരള്‍ച്ച തുടങ്ങിയതോടെ പ്രദേശത്തെ കാര്‍ഷിക വിളകളും കരിഞ്ഞുണങ്ങി. മലമുകളിലെ അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും വനനശീകരണവും ജലക്ഷാമത്തിന് വഴിവച്ചു. വേനല്‍ക്കാലമായതിനാല്‍ വന്യജീവികളും കുടിവെള്ളത്തിനായി അലയുന്നത് പലപ്പോഴും ജീവനുപോലും ഭീഷണിയാവുന്നു. റോഡ് സൌകര്യം ഇല്ലാത്തതിനാല്‍ വാഹനത്തിലും വെള്ളം എത്തിക്കാന്‍ കഴിയുന്നില്ല.
അനധികൃത ഖനനവും വനനശീകരണവും പരമ്പരാഗത ജലസ്രോതസ്സുകളെ ഇല്ലാതാക്കി. പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിയായി അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ നൂറോളം അരുവികളാണ് നശിച്ചത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വകുപ്പധികൃതരും നടപടിയെടുക്കുന്നില്ല. പത്തോളം കോളനികളിലായി അഞ്ഞൂറിലേറെ പേരാണ് താമസിക്കുന്നത്. വാരിക്കല്‍, തേക്കിങ്ങല് എന്നിവിടങ്ങളിലായി പത്ത്വര്ഷം മുമ്പ് മിനി കുടിവെള്ള പദ്ധതികള്‍ തുടങ്ങിയെങ്കിലും ഒന്നും ഉപയോഗയോഗ്യമല്ല. മൈലാടി കോളനിയില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച 11 ജലസംഭരണികളും തുളവീണ് നശിച്ചു. രണ്ട് പതിറ്റാണ്ടായി ഭരണത്തിലിരുന്ന യുഡിഎഫ് ഭരണസമിതി കോളനിക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ചു. 20 വര് ഷത്തിനിടയില് കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒറ്റ പദ്ധതിപോലും ആവിഷ്കരിച്ചില്ല.
