അരീക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് അനധികൃത നിര്‍മാണങ്ങള്‍ തകൃതിയായി നടക്കുന്നുവെന്ന് പരാതി. അരീക്കോട് ടൗണ്‍ സൗന്ദര്യ വല്ക്കരണത്തില് ത്രീഡി നോട്ടി ഫിക്കേഷനില് ഉള്‍പ്പെട്ടതുമായ സ്ഥലത്താണ് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നത്.
ബസ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള പാതയോട് ചേര്‍ന്ന സ്ഥലത്താണ് അനധികൃത നിര്‍മാണം പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്- കട്ടിടങ്ങള്ക്കെല്ലാം പാതയില്‍ നിന്നും നിശ്ചിത അകല മില്ലാത്തതിനാല്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍മാണ പ്രവൃ ത്തികള്‍ക്ക് അനുമതി നല്‍കാറില്ല. എന്നാല്‍ ഇതുവകവയ്ക്കാതെ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇവിടെ സ്വകാര്യ വ്യക്തി നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്.
റോഡില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ടൗണിന്റെ വികസനത്തെ ഇല്ലാതാക്കുമെന്നും ഗതാഗത കുരുക്കിന് ഇടയാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ അരീക്കോട് പഞ്ചായത്ത് ഭരണസമിതി കൂട്ടാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
