കാവനൂര്‍: ഏറനാട് താലൂക്കിലെ കൊച്ചു ഗ്രാമമാണ് കാവനൂര്‍. വില്ലേജ് വികസന സമിതിയാണ് അവിടെ ഏഴു വര്‍ഷം മുന്‍പ് ഗ്രാമീണ കോടതി എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായവും ഈ കോടതിക്കുണ്ട്.
ഇവിടെ വാദിയെയും പ്രതിയെയും ന്യായാധിപനെയും വേര്‍തിരിക്കുന്ന കള്ളികളില്ല. ആവലാതിക്കാരനും എതിര്‍കക്ഷിയും ന്യായം നിശ്ചയിക്കുന്നവരുമെല്ലാം ഒരേ സമതലത്തില്‍ മുഖാമുഖം ഇരിക്കുന്ന തരത്തിലാണു നാട്ടുകോടതിമുറിയിലെ ഇരിപ്പിട സംവിധാനം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹാളിലാണ് കോടതിമുറി ഒരുക്കിയിരിക്കുന്നത്. എല്ലാവര്ക്കും പറയാന്‍ അവസരമുണ്ട്. തര്‍ക്കങ്ങളുണ്ടാകും.
നീക്കുപോക്കുകളും. വിട്ടുവീഴ്ചകള്‍ വേണ്ടിവരും. പ്രശ്നങ്ങള്‍ തീരാനും തീര്‍ക്കാനും വേണ്ടിയാണു വന്നതെന്ന ബോധ്യം ഓരോ മനസ്സിലും ഉള്ളതിനാല്‍ പൊതുസ്വീകാര്യതയുള്ള തീരുമാനം ഉണ്ടാകുന്നു. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍, എംഎല്‍എയുടെയും എംപിയുടെയും പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വ്യാപാരികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങിയ നീതിപീഠമാണു പരാതികള്‍ കേള്‍ക്കുന്നത്.
മാസത്തിലെ മൂന്നാം ശനിയാണു കോടതി ചേരുന്നത്. കാവനൂര്‍ മാതൃകയില്‍ ഗ്രാമക്കോടതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ ‘കില’യുടെ നേതൃത്വത്തില്‍ ഒരുക്കം തുടങ്ങി. ഇതിനകം ജില്ലകളില്‍നിന്ന് ഓരോ പഞ്ചായത്തുകളെ വീതം തിരഞ്ഞെടുത്തു.
