രാഹുൽ ഗാന്ധിക്ക് ഏറനാട്ടിൽ നിന്ന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ലീഗ് പ്രവർത്തകർ

By | Saturday April 27th, 2019

SHARE NEWS

അരീക്കോട്:രാഹുൽ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം നൽകുമെന്ന് ഏറനാട്ടിലെ യു.ഡി.എഫ് പ്രവർത്തകർ. വയനാട്ടിൽ മുസ്ലിം ലീഗിന്റെ കുത്തകയായ ഏറനാട് മണ്ഡലം കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ്‌ പ്രവർത്തനവും സജീവമായി നടത്തിയത് പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മറ്റു നിയോജക മണ്ഡലങ്ങളിൽ നിന്ന് വിഭിന്നമായി യു.ഡി.എഫിന് എന്നും മുതൽകൂട്ടായ കേന്ദ്രമാണ് ഏറനാട്. ആദിവാസി വിഭാഗങ്ങളും കുടിയേറ്റ കർഷകരും വലിയ രീതിയിൽ സ്വാധീന ശക്തിയായ മലയോര മണ്ഡലമായ ഏറനാട്ടിൽ ഉയർന്ന വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ലീഗിലെ ഗ്രൂപ്പ് രാഷ്ടീയത്തെ തുടർന്ന് കുഴിമണ്ണ, കാവനൂർ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിൽ ലീഗിന് ക്ഷീണം നേരിട്ടിരുന്നെങ്കിലും അതെല്ലാം താൽക്കാലികമാണെന്നും കോൺഗ്രസ്, സി.പി.എം പാർട്ടികളേക്കാൾ നല്ല രീതിയിൽ അടിത്തറയുള്ള മണ്ഡലത്തിൽ ഏഴ് പഞ്ചായത്തുകളിലും മുസ്ലിം ലീഗിനുണ്ട് എന്ന് തന്നെയാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിശ്വാസം. ഏറനാട്ടിൽ മുസ്ലിം ലീഗിന്റെ പ്രവർത്തക പങ്കാളിത്തം പരിശോധിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഉയർത്തുന്ന കാര്യത്തിൽ ലീഗ് വോട്ടുകൾ പ്രധാന ഘടകമാകും എന്നതാണ് വസ്തുത.
മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിന്റെ ഭാഗമായി രൂപവത്കൃതമായ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് 2009ൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നപ്പോഴാണ് ഏറനാട് മണ്ഡലത്തിന്റെയും പിറവിയുണ്ടായത്. നിലമ്പൂർ മണ്ഡലത്തിലെ ചാലിയാർ, വണ്ടൂർ മണ്ഡലത്തിലെ എടവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും പഴയ മഞ്ചേരി മണ്ഡലത്തിലെ ഊർങ്ങാട്ടിരി, കീഴുപറമ്പ്, കാവനൂർ, കുഴിമണ്ണ, അരീക്കോട് എന്നി ഗ്രാമപഞ്ചായത്തുകളും കൂട്ടിച്ചേർത്താണ് ഏറനാട് മണ്ഡലം രൂപത്കരിച്ചത്. കുടിയേറ്റ കർഷകരായ ക്രിസ്ത്യാനികളും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഗ്രാമ പഞ്ചായത്തുകളാണ് ഊർങ്ങാട്ടിരി, ചാലിയാർ എന്നിവ. ഊർങ്ങാട്ടിരിയിൽ ലീഗിനുള്ളിൽ നിലനിന്നിരുന്ന പടലപ്പിണക്കം മാറ്റിവച്ചതോടെ മികച്ച പ്രവർത്തനങ്ങളാണ് പാർട്ടിക്ക് കാഴ്ചവക്കാനായത്. ഇത് രാഹുൽ ഗാന്ധിയുടെ വിജയത്തിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ പ്രളയവും ഉരുൾപൊട്ടലും കാരണം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്. നൂറ് കണക്കിന് ഏക്കർ ഭൂമിയും നിരവധി വീടുകളും നഷ്ടപ്പെടുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ മുസ്ലിം ലീഗും പോഷക ഘടകകളും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഗുണവും ദോഷവും നോക്കി ഇത്തവണ വോട്ട് ചെയ്യാൻ ഒരുങ്ങുന്ന ആദിവാസികൾ ഉൾപ്പടെയുള്ളവർക്ക് മുന്നിൽ ലീഗിന്റെ കാരുണ്യ മുഖം ഉയർത്തിക്കാണിച്ച് പ്രതീക്ഷ നൽകാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്.
മണ്ഡലം രൂപീകരിച്ചതിന് ശേഷം ആദ്യം നടന്ന 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എം.ഐ. ഷാനവാസിന് 22000 വോട്ട് ഭൂരിപക്ഷം ഏറനാട് നൽകി. 2010ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തൂത്തുവാരി. 2011 ൽ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പി.കെ. ബഷീർ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനേക്കാൾ 11500 വോട്ടിന് വിജയിച്ചു. സി.പി.എം വോട്ട് മുഴുവൻ പി.വി. അൻവർ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി അഷ്റഫലി കാളിയത്ത് ബി.ജെ.പിക്കും പിന്നിൽ 2700 വോട്ട് വാങ്ങി നാലാം സ്ഥാനത്തെത്തി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാർഥി എം.ഐ. ഷാനവാസ് ഏറനാട്ടിൽ തന്റെ മുൻ ഭൂരിപക്ഷത്തിന് വലിയ കോട്ടം വരുത്താതെ 18838 വോട്ട് ലീഡ് നേടി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read