അരീക്കോട്: ചരിത്ര വിജയം സമ്മാനിച്ച വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ഗാന്ധി നാളെ എത്തും. വോട്ടര്‍മാരെ നേരില്‍ കാണാനായി 12 ഇടങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായാണ് റോഡ് ഷോ നടക്കുക. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് രാഹുല്‍ഗാന്ധി കരിപ്പൂരില്‍ എത്തും. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമം വണ്ടൂരില്‍ എത്തും. വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവാണ് റോഡ്ഷോക്ക് ആദ്യ റോഡ്ഷോ. തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെയും പിന്നീട് ഏറനാട് നിയമസഭ മണ്ഡലത്തിലും റോഡ്ഷോ നടക്കും. എടവണ്ണയില്‍ സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തില്‍ റോഡ്ഷോ നടത്തും. അതുകഴിഞ്ഞ് വൈകീട്ട് ആറിന് അരീക്കോടും രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയുണ്ട്. പുത്തലം അങ്ങാടി മുതല്‍ പത്തനാപുരംവരെയാണ് അരീക്കോടെ റോഡ്ഷോ. അതുകഴിഞ്ഞ് തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും വോട്ടര്‍മാരെ നേരില്‍ കാണും.
