അരീക്കോട്: നൂറുവര്‍ഷത്തോളം തിരക്കേറിയ ഒരു ഗ്രാമച്ചന്ത ഇവിടെ ഉണ്ടായിരുന്നു. അരീക്കോട് ശനിയാഴ്ച ചന്ത. എന്നാല്‍, ഇന്നു ചന്തയുമില്ല, ആള്‍ക്കൂട്ടവുമില്ല. പോയകാലത്തിന്റെ ചരിത്ര സ്മരണകള്‍ സാക്ഷിയാക്കി കാലിചന്ത മാത്രം ഇന്നുമുണ്ട്.
പതിറ്റാണ്ടുകളായി പ്രവര്‍ത്തനം നിലച്ച ആഴ്ചചന്ത വീണ്ടെടുക്കാനുള്ള പദ്ധതികളൊരുക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല. ഏറനാട്ടിലെ വലിയ ചന്തയായിരിന്നു അരീക്കോട് ആഴ്ച ചന്ത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചന്തയില്‍ കാര്‍ഷിക വിഭവങ്ങളും മത്സ്യ വ്യാപാരവുമാണ് പ്രധാനമായും നടന്നു വന്നിരുന്നത്. അരീക്കോട് എന്ന സ്ഥലനാമത്തിന്റെ ഉത്പത്തിയിലും ഈ ചന്തയാണ് കാരണമായത്.
പണ്ടുകാലത്ത് അടക്കകൃഷി കൂടുത ലായുണ്ടായിരുന്ന പ്രദേശമായിരിന്നു അരീക്കോട്. ചന്ത കേന്ദ്രീകരിച്ചായിരിന്നു അടക്ക (അരിക്കനെട്ട്)വ്യാപാരം. ബ്രിട്ടീഷുകാരാല്‍ അരിക്കനട്ട്ല് നിന്നും അരീക്കോട് എന്ന് പരിണമിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്. ബ്രീട്ടീഷുകാരും എഴുത്തുകാരും പ്രമാണിമാരും അരീക്കോട് ചന്തയില്‍ സന്ദര്ഷകരായിരുന്നുവെന്നാണ് ചരിത്രം. പ്രശസ്ത സഞ്ചാര സാഹിത്യകാരനും നോവലിസ്റ്റുമായ എസ്.കെ പൊറ്റക്കാട് 1971ല്‍ അരീക്കോട് ആഴ്ചച്ചന്ത സന്ദര്‍ശിച്ച വിവരം അദ്ദേഹത്തിന്റെ ഡയറി ക്കുറിപ്പുകളിലുണ്ട്.
- ആട്ചന്ത
ഏറനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലഇനത്തിലുള്ള ആട്മാടുകളെ എല്ലാശനിയാഴ്ചയും ചന്തയിലെത്തിക്കും. വില്‍പ്പനക്കും വാങ്ങാനുമായി സമീപജില്ലകളില്നിന്നുള്ളവരും മുടങ്ങാതെ ചന്തയിലെത്തും. പുലര്‍ച്ചക്ക് നാലുമണിയോടെ വാഹനങ്ങളിലായി ആടുകളെ ചന്തയിലെത്തിക്കും. കച്ചവടം ഉറപ്പിക്കാനായി ദല്ലാളുമാരും സജീവം. ആറരയോടെ ബസ്റ്റാന്റ് സജീവമാകും. അതോടെ ആട് ചന്ത അവസാനിപ്പിക്കേണ്ടി വരും. ഇത് ചന്തയെ അലട്ടുന്ന പ്രധാന പ്രശ്നം. ഇക്കാര്യം പഞ്ചായത്ത് ഭരണാധികാരികളുടെ ശ്രദ്ധയില്‍പെടുത്തിട്ടും ഫലുമുണ്ടായില്ല. ഇടമില്ലാതായാല്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അരീക്കോട് ചന്ത എന്നന്നേക്കുമായി ഇല്ലാതാകും.
മരത്തണലും നിലത്തും വിരിച്ച ചാക്കില്‍ നിരത്തിയ കാര്‍ഷിക ഉല്പ്പനങ്ങളുമൊക്കെയായി തനിമ നിലനിര്‍ത്തുന്ന പുലരിച്ചന്തയും അന്തിച്ചന്തയുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ചന്തയുടെ കാതടപ്പിക്കുന്ന ആരവങ്ങളൊന്നുമില്ലായിരുന്നു. കര്‍ഷകര്‍ അവരുടെ വിളകളുമായി ആവശ്യക്കാരെ കാത്തിരുന്ന ഗ്രാമക്കവല വളര്‍ന്നതോടെ ചന്തയില്ലാതായി. ചന്തയുള്ള ദിവസം രാവിലെ വന്ന് നല്ല സ്ഥലം നോക്കി കൈപറ്റും. ചാക്ക് വിരിച്ചു സാധനങ്ങള്‍ നിരത്തി വെക്കുന്നു. കാശ് സൂക്ഷിക്കാന്‍ പ്രത്യേക മേശയോ പെട്ടിയോ ഒന്നും ഇല്ല. മടിക്കുത്തിലേും ചാക്കിന്റെ അടിഭാഗത്തോ കാശ് സൂക്ഷിക്കുന്നു.
ഇരുട്ടിയാല്‍ ആ ചാക്കുകളെല്ലാം കെട്ടി പ്പെറുക്കി അവര്‍ തിരിച്ചു പോവുന്നു. മഴക്കാലത്ത് നല്ല ചേമ്പും, ചേനയും മുതല്‍ മാവിന്റെയും പ്ലാവിന്റെയും തൈകള്‍ വരെ ചന്തയില്‍ ലഭിക്കുമായിരുന്നു. വിവിധ ഇനം വിത്തുകളും ചെടിതൈകളും വാങ്ങാനും കര്‍ഷകര്‍ ആശ്രയിച്ചതും ചന്തയാണ്. ചന്തകളില്‍ നാടന്‍ കോഴികളും, പേന്‍ ചീപ്പ്, ചട്ടികള്‍, തുണിത്തരങ്ങളും ഒക്കെയുണ്ടാവുമായിരുന്നു. ഏറനാടിന്റെ മതനരപേക്ഷ മനസ് ഊട്ടിഉറപ്പിക്കാനും ചന്ത മുഖ്യ ഘടകമായി.
ജാതി, വര്‍ഗ വ്യത്യസമില്ലാതെ പണക്കാരന് പാവപ്പെട്ടവന് എന്ന വ്യത്യാസമില്ലാതെ എല്ലാവരും വന്നു പോവുന്ന ഒരു സാമൂഹിക ഇടമായിരിന്നു ചന്ത. ഒരാഴ്ചക്കുള്ള സാധനങ്ങള്‍ വിലപേശി വാങ്ങി തിരിച്ചു പോവുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ആ ചന്തകകളില് നിന്ന് മിതമായ വിലക്ക് വാങ്ങി തിരിച്ചു പോവാം. നാടന്‍ കോഴികള്‍, താറാവുകള്‍, നല്ല പച്ചക്കറികള്‍, മണ്‍കുടങ്ങള്‍, മറ്റു പാത്രങ്ങള്‍, ചൂലുകള്‍, പലഹാരങ്ങള്‍, മത്സ്യങ്ങള്‍, സീസണിലെ ഫല വര്‍ഗങ്ങള്‍, പല വ്യഞ്ജന വസ്തുക്കള്‍, കൈത്തെറി വസ്തുക്കള്‍, മുളകൊണ്ടുള്ള കൂടകള്‍, മുറങ്ങള്‍. ആട്, കോഴി എന്നിവയുടെ മാംസ്യങ്ങള്‍, എന്തിനേറെ അത്യാവശ്യം തുണിത്തരങ്ങളും മിതമായ വിലക്ക് ലഭിക്കുന്ന ഒരു വലിയ സൂപ്പര്‍ മാര്‍കറ്റ് തന്നെയായിന്നു അരീക്കോട് ചന്ത.
പഴയകെട്ടിടങ്ങളൊക്കെയും നൂതന സംവിധാനങ്ങള്‍ക്കായി വഴിമാറി. ചന്ത പ്രവര്‍ത്തിച്ചിരുന്ന പരിസരത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വന്നെങ്കിലും ശേഷിക്കുന്ന കന്നുകാലി വില്‍പ്പന ചന്തയുടെ പഴയ പ്രൗഢി വിളിച്ചോതുന്നു. ഊര്‍ങ്ങാട്ടിരി, എടവണ്ണ, നിലമ്പൂര്‍, കീഴുപറമ്പ്, കാവനൂര്‍ ദേശങ്ങളിലെ ആദിവാസികളും, മലയോര കര്‍ഷകരുടെയും ഉല്പന്നങ്ങള് വിറ്റയിക്കാനായി പൊതുസ്ഥലം കണ്ടെത്തി തുടങ്ങിയതാണ് ഈ ചന്ത. ചാലിയാര്‍ വഴി വള്ളത്തില്‍ ചരക്കുകള്‍ കൊണ്ടുവരാനുള്ള സൗകര്യത്തിനാണ് അരീക്കോട് ചന്ത ആരംഭിച്ചത്. പിന്നീട് മത്സ്യ മാര്‍ക്കറ്റും, പച്ചക്കറികള്‍ക്കു മറ്റു കടകള്‍ വന്നു. പ്രധാനമായും കാര്‍ഷിക വിഭവങ്ങള്‍ തന്നെയാണ് ചന്തയുടെ ആകര്‍ഷണം. മലയോരങ്ങളില്‍ നിന്നും തേക്ക്, ഈട്ടി, ഇരുള്, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയില്‍ എത്തിക്കുന്ന പണി ധാരാളം ആളുകള്‍ക്ക് ലഭിച്ചു. ചന്തയില്‍ നിന്ന് നെല്ല്, വാഴ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാര്‍ഗം കോഴി ക്കോട്ടെത്തിക്കുകയും ചെയ്തിരുന്നു.
മലയിറങ്ങിയും കാടിറങ്ങിയും വന്നെത്തുന്ന ആദിവാസികളാണ് ചന്തയില്‍ മിക്കവാറും സാധനങ്ങള്‍ എത്തിച്ചിരുന്ന്. കാട്ടുതേന്‍, കുവ്വപ്പൊടി തുടങ്ങി നല്ല നാട്ടു സാധനങ്ങള്‍ ലഭിച്ചിരുന്നു. കൃഷിയെ വളര്‍ത്താനും, നിലനിര്‍ത്താനും ഈ ചന്തകള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. തങ്ങളുടെ കൃഷിയിടങ്ങളില്‍ കൂടുതല്‍ വിളവെടുത്ത സാധനങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്താന്‍ ചന്തകളിലൂടെ ഏതൊരാള്‍ക്കും സാധിക്കുമായിരുന്നു. നമ്മുടെ നാട്ടില്‍ ചന്തകള്‍ ഇല്ലതായിപ്പോയപ്പോള് നമുക്ക് നഷ്ട്ടപ്പെട്ടതും ഈ അവസരങ്ങളാണ്.
