
അരീക്കോട്:ചാലിയാർ പുഴയിൽ മണൽക്കടത്ത് മുക്കിയ തോണികൾ പൊക്കിയെടുത്ത് പൊലീസ്. അനധികൃതമായി മണൽ വാരുന്നതിനെതിരെ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മണൽ വാരുന്നതിനിടെ പൊലീസ് എത്തുമ്പോൾ തോണി പുഴയിൽ താഴ്ത്തി ഓടിരക്ഷപ്പെടുകയാണ് സംഘം ചെയ്യാറുള്ളത്. ഈ രീതിയിൽ ചാലിയാറിൽ താഴ്ത്തിയ മൂന്ന് ബോട്ടും തോണിയുമാണ് ഇന്നലെ അരീക്കോട് വെസ്റ്റ് പത്തനാപുരം കടവിൽ നിന്നും മണൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. പുഴയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് തോണികൾ കണ്ടെത്തിയത്. അനധികൃത മണലെടുപ്പ് സംഘത്തിന് പൊലീസിനെ വെല്ലുന്ന രക്ഷക സംഘമാണുള്ളത്.
പരിശോധനക്കായി പൊലീസ് ബോട്ടോ, ജീപ്പോ അനങ്ങിയാൽ മണൽ സംഘങ്ങൾക്ക് വിവരം ലഭിക്കും. ഇത് പലപ്പോഴും പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. രഹസ്യ പരിശോധന പോലും മണക്കടത്തു സംഘങ്ങൾ അറിയുന്നതിനാൽ പലപ്പോഴും പരിശോധന പ്രഹസനമാകുകയാണ്. പൊലീസ് സ്റ്റേഷന് മുന്നിൽ വരെ മണൽ ഘങ്ങൾക്ക് വിവരം നൽകുന്ന വ്യക്തികളെ വിന്യസിച്ചതായാണ് വിവരം. ഇവർ പൊലീസ് പരിശോധനക്ക് ഇറങ്ങുന്ന വിവരം കൈമാറുന്നതോടെ തോണികൾ വെള്ളത്തിൽ താഴ്ത്തി സംഘം നീന്തി രക്ഷപ്പെടുകയാണ് പതിവ്.
ഇത്തരം തോണി വീണ്ടും പൊക്കി മണലെടുപ്പ് നടത്തുകയും ചെയ്യും. ഇതോടെ പൊലീസ് താഴ്ത്തിയ തോണികൾ പിടിച്ചെടുക്കാൻ തീരുമാനിച്ചത്. അരീക്കോട് പോലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ, എസ്.ഐ സി.വി ബിബിൻ രാജ്, പൊലീസ് ബോട്ട് ഡ്രൈവർ അസ്ഗർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. കഴിഞ ദിവസം പൊൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് തോണിയും ഒരു ബോട്ടും മുന്ന് ലോോറികളും പിടിച്ചെടുത്തിരുന്നു.
