അരീക്കോട് : നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ മറവില്‍ മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരം തൈകള്‍ വച്ചുപിടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. വഴിയോങ്ങളില് തണലും തണുപ്പും നല്‍കിയിരുന്ന മരങ്ങള്‍ ദിവസവും മുറിച്ചുമാറ്റുന്നതിലുള്ള പ്രതിഷേധവുമായി വിവിധ പരിസ്ഥിതി, സന്നദ്ധ, ക്ലബ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മരങ്ങള്‍ മുറിച്ചു നീക്കുന്നതിനെതിരെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയ്ക്കരികില്‍ പാട്ടുപാടിയും കവിത ചൊല്ലിയും നാടകം കളിച്ചും അവര്‍ ഓര്‍മിപ്പിച്ചു. സൗന്ദര്യവല്‍ക്കരണം നടത്തുമ്പോള്‍ മരാമത്ത് വകുപ്പ് മരം നടാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഫ്രന്‍ഡ്സ് ഓഫ് നാച്വര്‍, റിവര്‍ കെയര്‍ ഫൗണ്ടേഷന്, ഏറനാട് പരിസ്ഥിതി കൂട്ടായ്മ, ശാസ്ത്ര സാഹിത്യ പരിഷത്ത്, സൗഹൃദം ക്ലബ്, കിരണം ക്ലബ്, നവയുഗ വായനശാല, ചാലിയാര്‍ പുഴ സംരക്ഷണ ഏകോപന സമിതി, വെള്ളരിപ്പാടം തിയറ്റേഴ്സ്, ജാഗ്രതാസമിതി തുടങ്ങിയവ പങ്കെടുത്തു.
